Sports
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ഫുട്ബോള്‍ 2025-26 സീസണിന്റെ ആദ്യപാദ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം. സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡും ജര്‍മന്‍ വമ്പന്മാരായ എഫ്സി ബയേണ്‍ മ്യൂണിക്കും തമ്മിലാണ് ക്വാര്‍ട്ടറിലെ ഹെവിവെയ്റ്റ് പോരാട്ടം.
ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30ന് റയല്‍ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗൊ ബര്ണബ്യുവിലാണ് മത്സരം അരങ്ങേറുന്നത്.
എംബപ്പെ Vs കെയ്ന്‍
ലോക ഫുട്ബോളിലെ രണ്ട് മികച്ച ഗോള്‍ സ്കോറര്‍മാര്‍ നേര്‍ക്കുനേര്‍ ഇറങ്ങുന്ന മത്സരമാണ് റയല്‍ മാഡ്രിഡ് x എഫ്സി ബയേണ്‍ മ്യൂണിക്. 2025-26 സീസണില്‍ റയല്‍ മാഡ്രിഡിനായി ഫ്രഞ്ച് താരം കിലിയന്‍ എംബപ്പെ 36 മത്സരങ്ങളില്‍നിന്ന് 38 ഗോള്‍ സ്വന്തമാക്കിയിട്ടുണ്ട്.
സീസണിലെ ഗോള്‍വേട്ടയില്‍ എംബപ്പെയേക്കാള് മുന്നില്‍ ബയേണിന്റെ ഇംഗ്ലീഷ് താരം ഹാരി കെയ്നാണ്. ഈ സീസണില്‍ 40 മത്സരങ്ങളില്‍നിന്ന് 48 ഗോള്‍ ബയേണ്‍ മ്യൂണിക്കിന്റെ ജഴ്സിയില്‍ ഹാരി കെയ്ന്‍ നേടി.
കിലിയന്‍ എംബപ്പെക്കൊപ്പം വിനീഷ്യസ് ജൂണിയര്‍, വാല്‍വെര്‍ഡെ, അര്‍ദ ഗുലര്‍, റൂഡിഗര്‍ തുടങ്ങിയവരും എംബപ്പെയ്ക്കൊപ്പമുണ്ട്. ഹാരി കെയ്നൊപ്പം ലൂയിസ് ഡിയസ്, സെര്‍ജ് ഗ്നാബ്രി, ഒലിസ്, ഹിമ്മിച്ച് തുടങ്ങിയ സംഘവുമുണ്ട്.
റിക്കാര്‍ഡ് ക്വാര്‍ട്ടര്‍
യൂറോപ്യന്‍/യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ച ടീമുകളാണ് റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും. റയല്‍ മാഡ്രിഡിന്റെ 41-ാം ക്വാര്‍ട്ടര്‍ പോരാട്ടമാണ്. ബയേണ്‍ മ്യൂണിക്കിന്റെ 36-ാമത്തേതും.
എന്നാല്‍, ചാമ്പ്യന്‍സ് ലീഗ് കാലഘട്ടത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഏറ്റവും കൂടുതല്‍ കളിച്ചത് ബയേണ്‍ മ്യൂണിക്കാണ്, 24. റയല്‍ മാഡ്രിഡ് 22 തവണ കളിച്ചിട്ടുണ്ട്.
ബയേണിന് എതിരായ അവസാന ഒമ്പത് ഏറ്റുമുട്ടലിലും റയല്‍ മാഡ്രിഡ് ജയം നേടി എന്നതും ശ്രദ്ധേയം. ഹോം ഗ്രൗണ്ടായ സാന്റിയാഗൊ ബര്‍ണബ്യുവില്‍ അവസാനം കളിച്ച എട്ട് മത്സരങ്ങളില്‍ ഏഴിലും എഫ്സി ബയേണ്‍ മ്യൂണിക്ക് പരാജയപ്പെട്ടു. ഒരു സമനില മാത്രമാണ് നേടാനായത്.
ഇന്നു നടക്കുന്ന മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് ക്ലബ് ആഴ്സണൽ എഫ്സി പോർച്ചുഗലിൽനിന്നുള്ള സ്പോർട്ടിംഗുമായി ഏറ്റുമുട്ടും.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുഖാമുഖമിറങ്ങിയ ടീമുകളാണ് റയല്‍ മാഡ്രിഡും എഫ്സി ബയേണ്‍ മ്യൂണിക്കും. ഇന്നു നടക്കുന്നത് ഇരുടീമും തമ്മിലുള്ള 29-ാം പോരാട്ടം. കഴിഞ്ഞ 28 ഏറ്റുമുട്ടലുകളില്‍ റയല്‍ മാഡ്രിഡ് 13 ജയം സ്വന്തമാക്കി. 11 തവണ ബയേണ്‍ മ്യൂണിക് വെന്നിക്കൊടിപാറിച്ചു. നാലു മത്സരങ്ങള്‍ സമനിലയായി.
Sports
ബെർഗാമൊ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബയേൺ മ്യൂണിക്കിന് ഗംഭീര ജയം. ചൊവ്വാഴ്ച നടന്ന ആദ്യ പാദ പ്രീക്വാർട്ടർ ഫൈനലിൽ അറ്റലാന്റയെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തകർത്തു.
ബയേൺ മ്യൂണിക്കിന് വേണ്ടി മൈക്കൽ ഒലിസെ രണ്ട് ഗോളുകളും ജോസിപ് സ്റ്റാനിസിക്ക്, സെർജി നാബ്രി, നിക്കോളാസ് ജാക്ക്സൺ, ജമാൽ മുസിയാള എന്നിവർ ഓരോ ഗോൾ വീതം നേടി. മരിയോ പസാലിക്ക് ആണ് അറ്റലാന്റയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ഈ മാസം 18നാണ് രണ്ടാം പാദ പ്രീക്വാർട്ടർ. മ്യൂണിക്കിലെ അലയൻസ് അരീനയാണ് വേദി.
Sports
മ്യൂണിക്: ജര്‍മന്‍ കപ്പ് ഫുട്ബോളില്‍ എഫ്സി ബയേണ്‍ മ്യൂണിക് സെമിയില്‍. ക്വാര്‍ട്ടറില്‍ 2-0നു ലൈപ്സിഗിനെ കീഴടക്കിയാണ് ബയേണ്‍ സെമിയിലേക്കു മുന്നേറിയത്.
ഹാരി കെയ്ന്‍ (64, പെനാല്‍റ്റി), ലൂയിസ് ഡിയസ് (67) എന്നിവര്‍ ബയേണിനായി ലക്ഷ്യംകണ്ടു.
Sports
മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോളില്‍ ലൂയിസ് ഡിയസിന്റെ ഹാട്രിക്കും ഹാരി കെയ്ന്റെ ഇരട്ടഗോളും ചേര്‍ന്നപ്പോള്‍ എഫ്സി ബയേണ്‍ മ്യൂണിക്കിന് ആധികാരിക ജയം.
ഹോം മത്സരത്തില്‍ ബയേണ്‍ മ്യൂണിക് 5-1ന് ഹൊഫെന്ഹീമിനെ കീഴടക്കി. 20, 45 മിനിറ്റുകളില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ഹാരി കെയ്ന്റെ ഗോളുകള്‍. 45+2, 62, 89 മിനിറ്റുകളില്‍ ഡിയസും ലക്ഷ്യംകണ്ടു.
ലീഗില്‍ 21 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 54 പോയിന്റുമായി ബയേണ്‍ മ്യൂണിക് ഒന്നാം സ്ഥാനത്ത് തുടരുന്നു. ബൊറൂസിയ ഡോര്‍ട്ട്മുണ്ട് (48), ഹൊഫെന്ഹീം (42) ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.